Top

സോഷ്യല്‍മീഡിയ കൈകോര്‍ത്തപ്പോള്‍ തീയില്‍നിന്ന് ഒരു വായനശാല ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു

Asianet News 1 year ago Web exclusive
സോഷ്യല്‍മീഡിയ കൈകോര്‍ത്തപ്പോള്‍ തീയില്‍നിന്ന് ഒരു വായനശാല ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു

ജി ആര്‍ അനുരാജ്

പുസ്തകങ്ങളെ വെണ്ണീറാക്കിയാല്‍ അക്ഷരങ്ങളും ആശയങ്ങളും ഉന്മൂലനം ചെയ്യപ്പെടുമെന്ന അവരുടെ ധാരണ തെറ്റിയിരിക്കുന്നു. നാടിന്റെ കെടാവിളക്കായ ഗ്രന്ഥാലയം ഊതിക്കെടുത്തിയാല്‍ ഫാസിസത്തിന്റെ അന്ധകാരം വിതയ്ക്കാമെന്ന ഇരുട്ടിന്റെ ശക്തികളുടെ ആഗ്രഹങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. കത്തിയമര്‍ന്ന ചാരത്തില്‍നിന്നും ഇതാ ഒരു വായനശാല ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. കത്തിയ പുസ്തകങ്ങള്‍ വീണ്ടും വായനക്കാരിലേക്ക് എത്തുകയാണ്.

തിരൂരിനടുത്ത് തലൂക്കരയില്‍ രാഷ്ട്രീയവൈരത്തിന്റെ പേരില്‍ ഒരുസംഘമാളുകള്‍ കത്തിച്ച എകെജി സ്‌മാരക ഗ്രന്ഥശാലയാണ് സോഷ്യല്‍ മീഡിയയുടെ കൈത്താങ്ങില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്.


മാര്‍ച്ച് 22ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇരുപതോളം പേര്‍ വരുന്ന സംഘം ഗ്രന്ഥശാല ആക്രമിച്ചത്. ഗ്രന്ഥശാല അടിച്ചുതകര്‍ത്ത അക്രമികള്‍, പുസ്‌തകങ്ങള്‍ കത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചോളം പേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. ഇനിയും പതിനഞ്ചോളം പേര്‍ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകാനുണ്ട്. ഇവരെ ഉടന്‍ തന്നെ പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്.

ഇന്റര്‍നെറ്റിന്റെയും ഇലക്‌ട്രോണിക് മാധ്യമങ്ങളുടെയും വ്യാപനത്തോടെ, പുസ്തകങ്ങളും വായനയും മരിക്കുകയാണെന്ന് വിലപിക്കുന്ന ഇക്കാലത്ത്,  അക്ഷരങ്ങളെയും വായനയെയും പുനരുജ്ജീവിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ കൈകോര്‍ക്കുകയാണ് ഒരുകൂട്ടം അക്ഷരസ്‌നേഹികള്‍.

ഫേസ്ബുക്കില്‍ "ബുക്ക് കളക്ഷന്‍" എന്ന പേരില്‍ തുടങ്ങിയ ഗ്രൂപ്പ് ഇതിനോടകം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. കേരളത്തിന്റെ മുക്കിലും മൂലയില്‍നിന്നും ആയിരക്കണക്കിന് പുസ്തകങ്ങളാണ് ഇതിനോടകം വായനശാലയ്ക്കായി പ്രവഹിച്ചത്. വിദേശരാജ്യങ്ങളില്‍നിന്നുപോലും നിരവധി പുസ്തകങ്ങളും വായനശാലയുടെ പുനരുദ്ധാരണത്തിനായുള്ള സാമ്പത്തിക സഹായങ്ങളും എത്തുന്നു. ഈ ഗ്രന്ഥാലയം അതിവേഗം യാഥാര്‍ത്ഥ്യമാവുകയാണ്.

ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് സൃഷ്ടിച്ച് വെറുതെ പുസ്തകസമാഹരണത്തിന് ആഹ്വാനം ചെയ്യുകയായിരുന്നില്ല. ഈ കൂട്ടം. മറിച്ച്, ചിട്ടയോടെയുള്ള പ്രവര്‍ത്തനത്തോടെയാണ് പുസ്‌തകശേഖരണം ആരംഭിച്ചത്. പുസ്തകസമാഹരണത്തിനായി കേരളത്തിലെ 14 ജില്ലകളിലും ഗള്‍ഫ് രാജ്യങ്ങളിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഗ്രൂപ്പ് അംഗങ്ങള്‍ മുന്നോട്ടുവന്നു. ശേഖരിക്കപ്പെട്ട പുസ്തകങ്ങള്‍ ചിട്ടപ്പെടുത്തുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. നാട്ടിലും വിദേശത്തുമുള്ള പന്ത്രണ്ടോളം പേരാണ് സോഷ്യല്‍ മീഡിയയില്‍ ഇതിന് മുന്നിട്ടിറങ്ങിയത്.


പുസ്തകം സംഭാവന ചെയ്യാന്‍ പ്രമുഖ എഴുത്തുകാര്‍ കൂടി രംഗത്തുവന്നതോടെ, ഉദ്യമം അതിവേഗം വന്‍വിജയമായി മാറി. എഴുത്തുകാരായ സുഭാഷ് ചന്ദ്രന്‍, വി എം ദേവദാസ്, സുഷ്മേഷ് ചന്ദ്രോത്ത് തുടങ്ങിയവരൊക്കെ പുസ്തകസമാഹരണത്തില്‍ പങ്കുചേര്‍ന്നു. സുഭാഷ് ചന്ദ്രന്‍ 100 പുസ്തകങ്ങള്‍ സംഭാവന നല്‍കി.വി എം ദേവദാസ്, ഇതുവരെ എഴുതിയ എല്ലാ പുസ്തകങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് 100 പുസ്‌തകങ്ങള്‍ സംഭാവന ചെയ്തിരുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ പി കെ പോക്കര്‍ 100 പുസ്തകങ്ങള്‍ നല്‍കി. പി ഗോവിന്ദപിള്ളയുടെ മകള്‍ പാര്‍വതിദേവി 40ല്‍ ഏറെ പുസ്തകങ്ങള്‍ നല്‍കി. അന്‍വര്‍ കുരിക്കള്‍ 1000 പുസ്തകം നല്‍കുന്നുണ്ട്. പെരിന്തല്‍മണ്ണ ഫിലിം സൊസൈറ്റി 40000 രൂപ വില വരുന്ന 600 പുസ്‌തകങ്ങളാണ് നല്‍കിയത്. കുവൈത്ത് മലയാളിയായ മനോജ് തൈവച്ച വളപ്പില്‍ പതിനയ്യായിരം രൂപയുടെ പുസ്‌കങ്ങള്‍ വാങ്ങി നല്‍കി. തിരുവനന്തപുരം സ്വദേശികളായ ശിവപ്രസാദും റിയാദ് മുഹമ്മദും ചേര്‍ന്ന് പതിനായിരം രൂപയുടെ പുസ്തകങ്ങളും സംഭാവനയായി നല്‍കുന്നുണ്ട്. ബംഗളുരുവിലുള്ള മലയാളികളില്‍നിന്ന് നൂറുകണക്കിന് പുസ്തകങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അത് നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.


സോഷ്യല്‍ മീഡിയ കൈകോര്‍ത്തപ്പോള്‍ തിരൂര്‍ തലൂക്കര എകെജി ഗ്രന്ഥശാല, സംസ്ഥാനത്തെ തന്നെ വലിയൊരു ഗ്രന്ഥശാലയായി പുനര്‍ജനിക്കുകയാണ്. ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയ വഴിയുള്ള പുസ്‌തകസമാഹരണ പ്രവര്‍ത്തനത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്ന് എകെജി സ്‌മാരക ഗ്രന്ഥശാലയുടെ സെക്രട്ടറി കെ ടി മുസ്‌തഫ പറഞ്ഞു. ഇതിനോടകം ആയിരകണക്കിന് പുസ്‌തകങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഇങ്ങനെ പോയാല്‍ സംസ്ഥാനത്തെ വലിയ ഗ്രന്ഥശാലകളില്‍ ഒന്നായി ഇത് മാറും. തകര്‍ന്ന ഗ്രന്ഥശാലാ കെട്ടിടത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഉടന്‍ നടത്തുമെന്നും കെ ടി മുസ്‌തഫ പറഞ്ഞു.

Related News

Recent News

VIDEOS

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!