Top

എഫ്ബിഐയോട് തോറ്റത് ആപ്പിള്‍ മാത്രമല്ല, നമ്മള്‍ കൂടിയാണ്!

Asianet News 1 year ago Web exclusive
    എഫ്ബിഐയോട് തോറ്റത് ആപ്പിള്‍ മാത്രമല്ല, നമ്മള്‍ കൂടിയാണ്!

സ്വകാര്യതയ്ക്കുള്ള വ്യക്തിയുടെ അവകാശവും, അതിനു മുകളില്‍ ഭരണകൂടത്തിന്റെ കൈകടത്തലുകളും മുന്‍പത്തെക്കാള്‍ ഏറെ ചര്‍ച്ചാവിഷയമാകുന്ന ഒരു കാലമാണ് ഇത്. സ്വകാര്യതയും സുരക്ഷയും വളരെ നേര്‍ത്ത മറകള്‍ക്ക് അപ്പുറവും ഇപ്പുറവും നിലനില്‍ക്കുന്ന വസ്തുതകളാണ്. നിങ്ങളുടെ സ്വകാര്യതയ്ക്ക് മേല്‍ ഭരണകൂടം കടന്നുകയറാനും അത് നിങ്ങളുടെ സുരക്ഷയേയും സ്വാതന്ത്ര്യത്തെയും ബാധിക്കുവാനും നിങ്ങള്‍ ഒരു കുറ്റവാളിയോ, മോശം ലക്ഷ്യങ്ങള്‍ ഉള്ള ആളോ ആവണമെന്നില്ല. ഏതൊരു പൗരനും ദൃശ്യമായും അദൃശ്യമായും ഇത്തരം കടന്നുകയറ്റത്തിന് വിധേയനാകാം. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നത് സുരക്ഷാ ഏജന്‍സികളുടെ സ്ഥിരം രീതിയാണ്. രാജ്യസുരക്ഷ എന്ന ന്യായീകരണവും ഇതില്‍ വ്യക്തമാണ്. സ്വകാര്യതയെ സംരക്ഷിക്കാനുള്ള എന്‍ക്രിപ്ഷന്‍ ഉള്‍പ്പടെ ഉള്ള സങ്കേതങ്ങളെ മറികടക്കാന്‍ നിയമത്തെ തന്നെയാന്‍ സുരക്ഷാ ഏജന്‍സികള്‍ ഉപയോഗിക്കാറുള്ളതുമാണ്.

രാജ്യദ്രോഹം എന്നത് ഒരു സാധാരണ പെറ്റിക്കേസില്‍ പോലും ചുമത്താവുന്ന വകുപ്പായി മാറുന്ന ഈ കാലത്ത് നമുക്ക് വെറുതെ ചില കാര്യങ്ങള്‍ സങ്കല്‍പ്പിക്കാം. ഓര്‍ക്കുക, ചുമ്മാ ചില കാര്യങ്ങള്‍.

നമ്മുടെ നാട്ടില്‍ ഒരു ഭീകരാക്രമണം നടക്കുന്നു. ഭീകരന്‍ ഉപയോഗിച്ചത് ഇന്ത്യയിലെ എക്‌സ് എന്ന മൊബൈല്‍ നിര്‍മ്മാതാക്കളുടെ ഫോണ്‍ ആണ്. രാജ്യത്തെ ഒന്നാം കിട സുരക്ഷ ഏജന്‍സിയായ എന്‍ഐഎയ്ക്ക് ഈ ഫോണ്‍ ലഭിക്കുന്നു. അവര്‍ ലോക്ക് ചെയ്യപ്പെട്ട ഫോണ്‍ തുറക്കാന്‍ ആവശ്യപ്പെട്ട് മേല്‍പ്പറഞ്ഞ കമ്പനിയെ സമീപിക്കുന്നു. അവര്‍ അതിന് വിസമ്മതിക്കുന്നു, എന്‍ഐഎ ദേശീയ സുരക്ഷ എന്ന വാദവുമായി കോടതിയില്‍ എത്തി ഫോണ്‍ തുറന്നുതരാന്‍ എക്‌സിനോട് ആവശ്യപ്പെടുന്നു. സ്വാഭാവികമായും ഭീകരന്റെ ഫോണ്‍ തുറന്ന് കൊടുക്കാത്ത എക്‌സ് രാജ്യദ്രോഹിയായി മുദ്രകുത്തപ്പെടുന്നു.

ഇക്കാര്യം പറഞ്ഞത്, അമേരിക്കയിലെ എഫ്ബിഐ -ആപ്പിള്‍ യുദ്ധം വിശദീകരിക്കാനാണ്. ഇനി കാര്യത്തിലേക്ക് കടക്കാം.


സയ്യിദ് റിസ്വാന്‍ ഫാറൂഖും  ഭാര്യയും


വെടിയുണ്ടയും ഐ ഫോണും
സംഭവങ്ങളുടെ തുടക്കം 2015 ഡിസംബര്‍ 2നാണ്. അമേരിക്കന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായിരുന്ന സയ്യിദ് റിസ്വാന്‍ ഫാറൂഖും അയാളുടെ ഭാര്യയും. ആരോഗ്യവകുപ്പ് പരിശീലന പരിപാടിയില്‍ കയറിചെന്ന് തുരുതുരാ നിറയൊഴിച്ചു. 14 പേര്‍ കൊല്ലപ്പെട്ടു. കാറില്‍ രക്ഷപ്പെട്ട ഫാറൂഖിനെയും ഭാര്യയേയും പൊലീസ് പിന്തുടര്‍ന്ന് വധിച്ചു. പട്ടാള വേഷത്തില്‍ എത്തിയായിരുന്നു ഇവര്‍ ഭീകരാക്രമണം നടത്തിയത്. അമേരിക്ക ഭയന്നത് പോലെ ഫറൂഖിനും ഭാര്യയ്ക്കും ഇസ്ലാമിക് സ്റ്റേറ്റുമായോ മറ്റേതെങ്കിലും തീവ്രവാദ സംഘടനകളുമായോ ബന്ധമുള്ളതായി ആദ്യഘട്ടത്തില്‍ സൂചനയൊന്നും ലഭിച്ചില്ല. ആ സമയത്താണ് തെളിവായി ഐ ഫോണ്‍ രംഗ പ്രവേശനം ചെയ്യുന്നത്.

എന്തുകൊണ്ട് ഫാറൂഖ് ദമ്പതികള്‍ ഈ ആക്രമണം നടത്തിയെന്ന് അറിയാന്‍ എഫ്ബിഐ സംഘത്തിന് മുന്നില്‍ ലഭിച്ച ഏറ്റവും വലിയ തെളിവ്. ഫാറൂഖിന്റെ ഐഫോണ്‍ 5സി ആയിരുന്നു. ഈ ഫോണിലെ വിവരങ്ങള്‍ക്കായി അവര്‍ ആപ്പിളുമായി ബന്ധപ്പെട്ടു. സമാനമായ കേസുകളില്‍ സാധാരണയായി ചെയ്യുന്നത് പോലെ ആപ്പിള്‍ തങ്ങളുടെ കയ്യിലുള്ള മുഴുവന്‍ വിവരങ്ങളും, തങ്ങളുടെ ക്ലൗഡ് സ്റ്റോറേജ് സംവിധാനമായ ഐക്ലൗഡിലെ ബാക്കപ്പും  എഫ്ബിഐക്ക് കൈമാറി. എന്നാല്‍ ആക്രമണത്തിന് ആറ് ആഴ്ച്ച മുന്‍പ് വരെയുള്ള വിവരങ്ങള്‍ മാത്രമാണ് ബാക്കപ്പ് ചെയ്യപ്പെട്ടിരുന്നത്. തുടര്‍ന്ന്, എഫ്ബിഐ വിദഗ്ധര്‍ ഐ ക്ലൗഡ് അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചു. ഇതിനായി ഐക്ലൗഡ്  അക്കൗണ്ട് പാസ്‌വേര്‍ഡ് റീസെറ്റ് ചെയ്യുകയും ചെയ്തു.

മുമ്പ് ഫാറൂഖ് ഉപയോഗിച്ച വൈഫൈ നെറ്റ്‌വര്‍ക്കില്‍ ബന്ധിപ്പിച്ച് ഏറ്റവും പുതിയ ബാക്കപ്പ് ഫോണില്‍ നിന്നും എടുക്കാനുള്ള സാധ്യതയാണ് പിന്നീട് എഫ്ബിഐ തേടിയത് എന്നാല്‍ ഫോണ്‍ ലോക്കായതോടെ ഇത് നടന്നില്ല. തുടര്‍ന്ന് അവര്‍ ഫോണ്‍ പാസ് കോഡ്  അണ്‍ലോക്ക് ചെയ്യാന്‍ ആപ്പിളിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ആപ്പിള്‍ ഇത് സമ്മതിച്ചില്ല, ഇതോടെ എഫ്ബിഐ കോടതിയെ സമീപിച്ച് അനുകൂലമായ വിധി നേടി. ഇതിനെതിരെ ആപ്പിള്‍ യു.എസ് കോണ്‍ഗ്രസിന്റെ നീതിന്യായ കമ്മിറ്റിയെ സമീപിച്ചു. ഇതോടെയാണ് സംഗതി വന്‍ ചര്‍ച്ച ആയത്.

ഈ കേസില്‍ ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ ആപ്പിളിന് പിന്തുണ പ്രഖ്യാപിച്ചു. ഇവരും കോണ്‍ഗ്രസ് കമ്മിറ്റിക്ക് മുന്‍പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചു. എന്നാല്‍ അപ്പിളിന് എതിര്‍പ്പും നേരിടേണ്ടി വന്നു മുന്‍ മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബിന്‍ ഗേറ്റ്‌സ് എഫ്ബിഐയെ പിന്തുണച്ചാണ് രംഗത്ത് എത്തിയത്. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുവാന്‍ മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് ആപ്പിളിനെതിരെ ശക്തമായ നിലപാട് എടുത്തു. ആപ്പിള്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്ന് വരെ ചില ചാനലുകളില്‍ ട്രംപ് വശ്യപ്പെട്ടു. അരിസോണയിലെ മരികോപ്പ കൗണ്ടി അറ്റോര്‍ണിയുടെ ഓഫീസ് തങ്ങളുടെ ഐഫോണ്‍ ഓര്‍ഡറുകള്‍ കാന്‍സല്‍ ചെയ്തു.

എന്നാല്‍ സാന്‍ബര്‍ണാഡിനോ വെടിവെപ്പില്‍ മൂന്ന് വെടിയുണ്ടകളേറ്റ അനീസ് കണ്ടോകറുടെ ഭര്‍ത്താവ് ഈ കേസില്‍ ആപ്പിളിനെ പിന്തുണച്ച് ജഡ്ജിന് കത്ത് എഴുതി. ഈ വിധി തെറ്റായ കീഴ്‌വഴക്കമാകും എന്ന് യുഎന്‍ മനുഷ്യാവകാശ ഹൈകമ്മീഷണറും മുന്നറിയിപ്പ് നല്‍കി. 



എന്തു കൊണ്ട് ഈ പ്രതിസന്ധി?
ആപ്പിളിന്റെ വാദങ്ങള്‍ അറിയണമെങ്കില്‍ ഒരു ആപ്പിള്‍ ഐഫോണിന്റെ സുരക്ഷ ക്രമീകരണങ്ങള്‍ അറിയണം, ആപ്പിള്‍ ഐഫോണുകളിലും ഐപാഡുകളിലും ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഐഒഎസ്. ഇതിന്റെ 7 പതിപ്പ് മുതല്‍ പാസ്സ്‌കോഡ് സെറ്റ് ചെയ്യുമ്പോള്‍ തന്നെ എന്‍ക്രിപ്റ്റ് ചെയ്യപ്പെടുന്ന രീതിയില്‍ ആണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരു ഡിവൈസിലെ അടയാളവാക്യങ്ങള്‍ മൂന്നമതൊരാള്‍ ദുരുപയോഗപ്പെടുത്താതിരിക്കാനുള്ള മാര്‍ഗ്ഗമാണ് എന്‍ക്രിപ്ഷന്‍. ഇങ്ങനെ എന്‍ക്രിപ്റ്റ് ചെയ്യുന്ന കീ ഫോണില്‍ തന്നെ സൂക്ഷിക്കുന്നതിനാല്‍ പാസകോഡ് നഷ്ടപ്പെട്ടാല്‍ പൂര്‍ണ്ണമായും മായ്ച്ചുകളയുക മാത്രമേ മാര്‍ഗമുള്ളൂ.

അതിനാല്‍ തന്നെ ബ്രൂട്ട്‌ഫോഴ്‌സ് മെത്തേഡ് അഥവ സാധ്യമായ എല്ലാ കോമ്പിനേഷനുകളിലും പാസ് വേഡ് കണ്ടെത്താനുള്ള ശ്രമം നടത്തിയാല്‍ ഈ സിസ്റ്റം പ്രതിരോധിക്കും, തെറ്റായ ശ്രമങ്ങള്‍ക്കിടയിലെ ദീര്‍ഘമായ ഇടവേളകളും പത്ത് തവണ തെറ്റായ പാസ്സ്‌കോഡ് അടിച്ചാല്‍ ഫോണ്‍ താനേ മായ്ക്കപ്പെടാനുള്ള സജ്ജീകരണവും ആപ്പിള്‍ ഒരുക്കിയിരിക്കുന്നു.

ഇതിനാല്‍ തന്നെ ഐഫോണ്‍ സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കുക എന്നത് പ്രായോഗികമല്ലെന്ന് എഫ്ബിഐക്ക് മനസിലായി, ഈ സുരക്ഷാസവിധാനങ്ങളെ നിര്‍വീര്യമാക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ഉണ്ടക്കി തരുവാന്‍ ആപ്പിളിനോട് ആവശ്യപ്പെട്ടുള്ള വിധിയാണ് എഫ്ബിഐ കോടതിയില്‍ നിന്നും വാങ്ങിയത്. കൂടുതല്‍ വ്യക്തമാക്കിയാല്‍ പാസ് കോഡുകള്‍ ബ്രൂട്ട്‌ഫോഴ്‌സ് ചെയ്യാന്‍ പറ്റുന്ന രീതിയില്‍ ആക്കുന്ന ഒരു അപ്‌ഡേറ്റ്.



ആപ്പിളിന്റെ വാദങ്ങള്‍
1. എഫ്ബിഐ ആവശ്യപ്പെടുന്ന സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ഒരിക്കല്‍ നിര്‍മ്മിക്കപ്പെട്ടാല്‍ അത് ഒരു തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കും. പിന്നീട് പല കേസുകളില്‍ ഇതേ വിധികള്‍ കോടതികള്‍ പുറപ്പെടുവിക്കാം. സമാന സ്വഭാവമുള്ള പന്ത്രണ്ടോളം കേസുകള്‍ ഇപ്പോള്‍ തന്നെ സുരക്ഷാ ഏജന്‍സികളുടെ കൈവശമുള്ളതായി റിപ്പോര്‍ട്ട് ഉണ്ട്.

2. എഫ്ബിഐ ഇപ്പോള്‍ കോടതി വിധി സമ്പാദിച്ചിരിക്കുന്നത് ഈ ഒരു ഫോണിന് വേണ്ടി ആണെങ്കിലും ഒരിക്കല്‍ ഇത്തരം ഒരു ഫോണ്‍ കയ്യില്‍ കിട്ടിയാല്‍ പിന്നെ എവിടെയൊക്കെ എങ്ങിനെയൊക്കെ ഉപയോഗിക്കപ്പെടും എന്നത് ഉറപ്പിക്കാനാവില്ല. ഇത്തരം ഒരു സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കപ്പെട്ടല്‍ അത് ഹാക്കേഴ്‌സ് കൈവശപ്പെടുത്താനും വ്യാപകമായി ദുരുപയോഗപ്പെടുത്താനും സാധ്യതയുണ്ട്.

3. അമേരിക്കന്‍ സര്‍ക്കാറിന് വേണ്ടി ഇത്തരം ഒരു ടൂള്‍ ഉണ്ടാക്കുന്നത് മറ്റ് രാജ്യങ്ങളിലെ ഭരണകൂടങ്ങളും ഇതേ ടൂള്‍ ആവശ്യപ്പെടാന്‍ ഇടയാക്കും. ഇത് ആത്മഹത്യപരമായിരിക്കും  ഏകധിപത്യ ഭരണകൂടങ്ങള്‍ക്ക് പൗരന്മാരെ നിരീക്ഷിക്കാനും വേട്ടയാടാനുമുള്ള ഉപകരണമായി ഭാവിയില്‍ ഐഫോണ്‍ മാറും

4. ഇതുപോലൊരു ടൂള്‍ ഉണ്ടാവുകയാണെങ്കില്‍ സൈബര്‍ കുറ്റവാളികളും മറ്റും കൂടുതല്‍ സ്വകാര്യത ഉറപ്പുനല്‍കുന്ന ആര്‍ജ്ജിത സംവിധാനങ്ങള്‍ ഉപയോഗിക്കുകയും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ സ്വകാര്യത നഷ്ടപ്പെടുകയും ആവും ഫലം.

എന്നാല്‍ ആപ്പിളിനോട് എഫ്ബിഐ തലവന്‍ പറഞ്ഞത് ഇതായിരുന്നു 'ഒരു ദീര്‍ഘശ്വസം എടുത്ത ശേഷം പറയൂ, ഇത് ലോകാവസാനം അല്ലെന്ന്, ഞങ്ങള്‍ ആരുടെയും ഇന്‍ക്രിപ്ഷന്‍ തകര്‍ക്കില്ല.  ഫോണില്‍ ചിലപ്പോള്‍ കൂടുതല്‍ തീവ്രവാദികളുടെ വിവരങ്ങള്‍ ഉണ്ടാകാം, ഇല്ലായിരിക്കാം. എന്നാല്‍ ഇതുവച്ച് ആരെയെങ്കിലും നിരീക്ഷിക്കാന്‍ ഞങ്ങള്‍ തയ്യാറാകില്ല'

ഇതിന് ശേഷം മാര്‍ച്ച് ഇരുപതോടെയാണ് കേസ് ഹൗസ് ജുഡീഷ്യറി കമ്മിറ്റി (പാര്‍ലമെന്റ് നീതിന്യായ കമ്മിറ്റി) മുന്‍പാകെ എത്തിയത് ആ സമയത്ത് നടന്നത് നാടകീയമായ സംഭവങ്ങളാണ്. ആപ്പിളിന്റെ സഹായം ഇല്ലാതെ തന്നെ തങ്ങള്‍ക്ക് ഫോണ്‍ തുറക്കാന്‍ സാധിക്കും എന്ന് എഫ്ബിഐ വ്യക്തമാക്കി.

ട്വിസ്റ്റ അണ്‍ലോക്ക്ഡ്
മാര്‍ച്ച് 29ന് ലീഗല്‍ കമ്മീഷന് മുമ്പാകെ എഫ്ബിഐ സയ്യിദ് റിസ്വാന്‍ ഫാറൂഖിന്റെ മൊബൈല്‍ ഫോണ്‍ തുറന്നതായി അറിയിച്ചു. അമേരിക്കന്‍ മാധ്യമങ്ങളില്‍ ഇത് വലിയ വാര്‍ത്തയായി മാറി. ആപ്പിളിന് എതിരെയുള്ള എല്ലാ നിയമനടപടികളും ഒറ്റ ദിവസം കൊണ്ട് എഫ്ബിഐ പിന്‍വലിച്ചു. ഇവിടെ ആരാണ് വിജയിച്ചത് എന്ന ചോദ്യം ഉയരുകയാണ്. ഇക്കാര്യം പരിശോധിച്ച ലോസ് ആഞ്ചലസ് ടൈംസ് ചൂണ്ടിക്കാട്ടുന്ന രസകരമായ കാര്യങ്ങളില്‍ ചിലത് ഇവയാണ്.

നിമയപോരാട്ടത്തില്‍ വിജയം ആര്‍ക്ക് എന്ന് ചോദിച്ചാല്‍ അത് ആപ്പിളിനാണ്. തങ്ങളുടെ കമ്പനിയുടെ സെക്യൂരിറ്റി നയങ്ങളിലേക്ക് ഒരു രാജ്യസുരക്ഷ ഏജന്‍സിക്ക് നിയമപരമായി കടന്നുകയറാന്‍ അവസരം ഒരുക്കുമായിരുന്ന നിയമക്കുരുക്കിന് എതിരെ ഒരിഞ്ച് പിന്നോട്ടില്ലാതെ അവര്‍ പൊരുതി. എഫ്ബിഐ കേസുകള്‍ പിന്‍വലിച്ചതോടെ നിയമക്കുരുക്കില്‍ നിന്നും അവര്‍ വിജയകരമായി പുറത്തുവന്നു. നിയമപോരാട്ടത്തില്‍ തോല്‍വി എഫ്ബിഐക്ക് ആണ്, അമേരിക്കയിലെ ഏറ്റവും വലിയ ടെക് സ്ഥാപനത്തിന് എതിരെ നിയമപരമായി ആദ്യഘട്ടത്തില്‍ വിജയം നേടിയിട്ടും അത് നടപ്പിലാക്കാനും അവരെ നിയന്ത്രണത്തിലാക്കാനും എഫ്ബിഐ പരാജയപ്പെട്ടു.

എന്നാല്‍ സാങ്കേതികമായി നോക്കിയാല്‍ ആപ്പിളിന് വലിയ തിരിച്ചടിയാണ് ഇത്. അവരുടെ സഹായം ഇല്ലാതെ ഒരു ആപ്പിള്‍ ഫോണ്‍ എഫ്ബിഐ തുറന്നു. സുരക്ഷിതത്വത്തില്‍ ഊറ്റം കൊണ്ടിരുന്ന ആപ്പിളിന്റെ മേന്മയെ ആണ് എഫ്ബിഐ ചോദ്യം ചെയ്യുന്നത്. പൗരന്റെ സ്വകാര്യത തങ്ങളുടെ സാങ്കേതികതയില്‍ എത്രത്തോളം സുരക്ഷിതം എന്ന് ആപ്പിളിന് വീണ്ടും വിശദീകരിക്കേണ്ടിവരും.  തങ്ങളുടെ സാങ്കേതിക തലച്ചോര്‍ ക്രിയാത്മകമാണെന്ന് അമേരിക്കയുടെ ഏറ്റവും വലിയ സുരക്ഷ ഏജന്‍സിക്ക് പറയാന്‍ സാധിക്കുമ്പോള്‍ സ്വകാര്യതയിലേക്ക് നീളുന്ന ഭരണകൂട നിരീക്ഷണ കണ്ണുകള്‍ എത്രശക്തമാണെന്ന് പുതിയ സംഭവം തെളിയിക്കുന്നു.



പ്രശ്‌നം ഇതുമാത്രമല്ല
സ്വകാര്യതയ്ക്കുള്ള വ്യക്തിയുടെ അവകാശവും, അതിനു മുകളില്‍ ഭരണകൂടത്തിന്റെ കൈകടത്തലുകളും മുന്‍പത്തെക്കാള്‍ ഏറെ ചര്‍ച്ചാവിഷയമാകുന്ന ഒരു കാലമാണ് ഇത്. സ്വകാര്യതയും സുരക്ഷയും വളരെ നേര്‍ത്ത മറകള്‍ക്ക് അപ്പുറവും ഇപ്പുറവും നിലനില്‍ക്കുന്ന വസ്തുതകളാണ്. നിങ്ങളുടെ സ്വകാര്യതയ്ക്ക് മേല്‍ ഭരണകൂടം കടന്നുകയറാനും അത് നിങ്ങളുടെ സുരക്ഷയേയും സ്വാതന്ത്ര്യത്തെയും ബാധിക്കുവാനും നിങ്ങള്‍ ഒരു കുറ്റവാളിയോ, മോശം ലക്ഷ്യങ്ങള്‍ ഉള്ള ആളോ ആവണമെന്നില്ല. ഏതൊരു പൗരനും ദൃശ്യമായും അദൃശ്യമായും ഇത്തരം കടന്നുകയറ്റത്തിന് വിധേയനാകാം. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നത് സുരക്ഷാ ഏജന്‍സികളുടെ സ്ഥിരം രീതിയാണ്. രാജ്യസുരക്ഷ എന്ന ന്യായീകരണവും ഇതില്‍ വ്യക്തമാണ്. സ്വകാര്യതയെ സംരക്ഷിക്കാനുള്ള എന്‍ക്രിപ്ഷന്‍ ഉള്‍പ്പടെ ഉള്ള സങ്കേതങ്ങളെ മറികടക്കാന്‍ നിയമത്തെ തന്നെയാന്‍ സുരക്ഷാ ഏജന്‍സികള്‍ ഉപയോഗിക്കാറുള്ളതുമാണ്.

അതേ സമയം ഒരു ടെക്‌നോളജി സ്ഥാപനം ഒരു തീവ്രവാദിയുടെ ഫോണിലെ വിവരങ്ങള്‍ സുരക്ഷാ ഏജന്‍സിക്ക് അന്വേഷണത്തിന്റെ ഭാഗമായി ലഭ്യമാക്കുന്നത് തെറ്റാണെന്ന് ആര്‍ക്കും പറയാനാവില്ല. അന്വേഷണത്തിന് സഹായിക്കുക എന്നത് ധാര്‍മ്മികമായ കടമയും ആണ്. പക്ഷെ അമേരിക്കയില്‍ സംഭവിച്ചിരിക്കുന്നത്, കോടതി ഇടപെടലിന് അപ്പുറം പരസ്യമായ സാങ്കേതികതയെ ഭരണകൂടം പൊളിച്ചിരിക്കുകയാണ്. അതും ആപ്പിള്‍ പോലെ ഒരു സ്ഥാപനത്തിന്റെ ഉത്പന്ന സുരക്ഷയെ.

അഭിപ്രായസ്വാതന്ത്ര്യത്തെ രാജ്യസ്‌നേഹത്തോടൊപ്പം കൂട്ടിവായിക്കുന്ന ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ ഈ ലേഖനത്തില്‍ ആദ്യം സൂചിപ്പിച്ച സാങ്കല്‍പ്പിക കഥ പ്രസക്തമാണ്. ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനിക്കും ആപ്പിള്‍ എഫ്ബിഐയോട് എടുത്ത പോലുള്ള  നിലപാട് എടുക്കാനാവില്ല. അത്തരം ഒരവസ്ഥയില്‍ പൗരന്റെ സ്വകാര്യതയും സുരക്ഷയും ഗുരുതരമായ ചോദ്യചിഹ്‌നമായി തുടരുകയാവും ഫലം.



Related News

Recent News

VIDEOS

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!