Top

കേരളത്തില്‍ ഇപ്പോള്‍ യുഡിഎഫിനു മുന്‍തൂക്കമെന്ന് ഏഷ്യാനെറ്റ് ന്യൂസ് - സി ഫോര്‍ അഭിപ്രായ സര്‍വെ

Asianet News 1 year ago Kerala

തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പു നടന്നാല്‍ യുഡിഎഫിനു മുന്‍തൂക്കം ലഭിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് - സി ഫോര്‍ അഭിപ്രായ സര്‍വെ ഫലം. സംസ്ഥാനത്തു ബിജെപി അക്കൗണ്ട് തുറക്കുമെന്നും സര്‍വെ പറയുന്നു. 'അരുവിക്കര ഉപതെരഞ്ഞെടുപ്പിനു ശേഷം കേരളം എങ്ങോട്ട്' എന്ന വിഷയത്തില്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലുള്ള 60 നഗര കേന്ദ്രങ്ങളിലും 140 ഗ്രാമ കേന്ദ്രങ്ങളിലും വോട്ടര്‍മാരെ നേരിട്ടു കണ്ടാണു സി ഫോര്‍ സര്‍വെ നടത്തിയത്. ജൂലായ് രണ്ടാം വാരമായിരുന്നു സര്‍വെ.

നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫിന് 73 മുതല്‍ 77 വരെ സീറ്റുകള്‍ ലഭിക്കാമെന്നു സര്‍വെയില്‍ പറയുന്നു. എല്‍ഡിഎഫിന് 61 മുതല്‍ 65 വരെയും സീറ്റുകള്‍ കിട്ടിയേക്കാം. മൂന്നു മുതല്‍ അഞ്ചു വരെ സീറ്റുകളുമായി ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധ്യതയുണ്ട്. ആകെ വോട്ടിന്റെ 43 ശതമാനവും യുഡിഎഫിനു ലഭിക്കുമെന്നു സര്‍വെ പറയുന്നു. എല്‍ഡിഎഫിന് 39 ശതമാനവും ബിജെപിക്ക് 14 ശതമാനവും വോട്ട് ലഭിക്കാമെന്നു സര്‍വെ പറയുന്നു.

വോട്ടിങ് താത്പര്യം യുഡിഎഫിനോട്

വിവിധ വിഭാഗങ്ങളിലുള്ളവരുടെ വോട്ടിങ് താത്പര്യം പരിശോധിച്ചതില്‍ ഭൂരിഭാഗം പേരും യുഡിഎഫിന് അനുകൂലമായാണു പ്രതികരിച്ചത്. നഗരങ്ങളിലും ഗ്രാമങ്ങളിലും യഥാക്രമം 43%, 46% പേര്‍ യുഡിഎഫിനെ അനുകൂലിക്കുന്നു. എല്‍ഡിഎഫ് അധികാരത്തിലെത്തണെന്നു നഗരങ്ങളില്‍ 36 ശതമാനം പേരും ഗ്രാമങ്ങളില്‍ 41 ശതമാനം പേരും താത്പര്യപ്പെടുന്നു. ബിജെപിക്ക് ഇതു യഥാക്രമം 18%, 11% വീതമാണ്.
vote
പുരുഷന്മാരില്‍ 41 ശതമാനം പേര്‍ യുഡിഎഫിനും 38 ശതമാനം പേര്‍ എല്‍ഡിഎഫിനും 18 ശതമാനം പേര്‍ ബിജെപിക്കും അനുകൂലമായി ചിന്തിക്കുന്നു. സ്ത്രീകളിലാകട്ടെ 45 ശതമാനം പേരുടെ വോട്ട് യുഡിഎഫിനും 40 ശതമാനം പേരുടെ വോട്ട് എല്‍ഡിഎഫിനും ഒമ്പതു ശതമാനം പേരുട വോട്ട് ബിജെപിക്കും നല്‍കുമെന്നു പറയുന്നു. യുവാക്കളില്‍ ഏറെ പേരും യുഡിഎഫിന് അനുകൂലമായാണു പ്രതികരിച്ചത്.
vote

യുഡിഎഫ് സര്‍ക്കാര്‍ ശരാശരി

യുഡിഎഫ് സര്‍ക്കാറിന്റെ പ്രവര്‍ത്തനം ശരാശരിയാണെന്നാണു സര്‍വെയില്‍ പങ്കെടുത്ത 43 ശതമാനം പേരും അഭിപ്രായപ്പെടുന്നത്. നല്ലതെന്ന് 20 ശതമാനം പേരും മോശമെന്ന് 17 ശതമാനം പേരും അഭിപ്രായപ്പെടുന്നു. വളരെ മോശമെന്ന് അഭിപ്രായപ്പെടുന്നവര്‍ 16 ശതമാനമാണ്. നാലു ശതമാനം പേര്‍ യുഡിഎഫ് സര്‍ക്കാറിന്റെ പ്രവര്‍ത്തനം വളരെ നല്ലതെന്ന് അഭിപ്രായപ്പെട്ടു.

അഴിമതി യുഡിഎഫിന്റെ പ്രധാന പ്രശ്നം

കേരളത്തില്‍ യുഡിഎഫ് നേരിടുന്ന പ്രധാന പ്രശ്നം അഴിമതിയാണെന്ന് സര്‍വെയില്‍ പങ്കെടുത്ത 49 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. കുടുംബ വാഴ്ചയും വാഗ്ദാനങ്ങള്‍ പാലിക്കുന്നതിലെ പരാജയവും മറ്റു പ്രശ്നങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. യുഡിഎഫിന്റെ സാമുദായിക പ്രീണനം അവര്‍ക്കു തിരിച്ചടിയാകുന്നതായി 17 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

എല്‍ഡിഎഫിനു തലവേദന വിഭാഗീയത

വിഭാഗീയതയാണ് എല്‍ഡിഎഫ് നേരിടുന്ന പ്രധാന പ്രശ്നമെന്നു സര്‍വെയില്‍ പങ്കെടുത്ത 54 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. വികസന കാഴ്ചപ്പാടിന്റെ കുറവും തിരിച്ചടിയാണ്. അഴിമതി പ്രശ്നമായി 13 ശതമാനം പേര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ നാലു ശതമാനം പേര്‍ മാത്രമേ സാമുദായിക പ്രീണനം എന്ന പ്രശ്നം ചൂണ്ടിക്കാണിക്കുന്നുള്ളൂ.
survey
കോണ്‍ഗ്രസിന്റെ എതിരാളി ബിജെപിയോ?

അരുവിക്കര ഉപതെരഞ്ഞെടുപ്പു ഫലം കോണ്‍ഗ്രസിന് ബിജെപി മുഖ്യ എതിരാളിയാകുന്നുവെന്ന സൂചന നല്‍കുന്നതാണെന്നു സര്‍വെയില്‍ പങ്കെടുത്ത 45 ശതമാനം പേരുടെ അഭിപ്രായം. ജി. കാര്‍ത്തികേയന്റെ മകനു വോട്ട് ചെയ്തതുകൊണ്ടാണു യുഡിഎഫ് ജയിച്ചതെന്ന് 26 ശതമാനം പേര്‍ അഭിപ്രായപ്പെടുമ്പോള്‍ ഇടതു മുന്നണിയുടെ വീഴ്ചയാണ് അരുവിക്കരയില്‍ കണ്ടതെന്ന് 20 ശതമാനം പേര്‍ പറയുന്നു.


കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലുള്ള 60 നഗര കേന്ദ്രങ്ങളിലും 140 ഗ്രാമ മേഖലയിലുമുള്ള 8137 വോട്ടര്‍മാരെയാണു പ്രീ പോള്‍ സര്‍വെയ്ക്കായി സി ഫോര്‍ തെരഞ്ഞെടുത്തത്. ജൂലായ് ഒമ്പതു മുതല്‍ 19 വരെ നടത്തിയ സര്‍വെയില്‍ സംസ്ഥാനത്തെ ജാതി, മത വിഭാഗങ്ങളടക്കമുള്ള വിഷയങ്ങള്‍ കൃത്യമായ അനുപാതത്തില്‍ പരിഗണിച്ചു. സി ഫോര്‍ തയാറാക്കിയ സ്പെഷ്യല്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണു സീറ്റ് നില കണക്കാക്കിയിട്ടുള്ളത്. 

Related News

Recent News

VIDEOS

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!