പര്‍ഗോളയുണ്ടെങ്കില്‍ വീടിന് മോടി കൂടും

 പര്‍ഗോളയുണ്ടെങ്കില്‍ വീടിന് മോടി കൂടും

പര്‍ഗോളകള്‍ വീടിന്റെ അലങ്കാരമായി തുടങ്ങിയിട്ട് കാലമേറെയായി. തണലും പ്രകാശവും വീട്ടിനുള്ളിലേയ്ക്ക് എത്തിക്കുക എന്നതാണ്‌ പര്‍ഗോളകള്‍ നിര്‍മ്മിക്കുന്നതിലെ ഉദ്ദേശം. വീടിന്റെ സ്റ്റൈല്‍ തന്നെ മാറ്റിമറിക്കാന്‍ പര്‍ഗോളകള്‍ക്ക് കഴിയും. പര്‍ഗോളകളുടെ നേട്ടങ്ങളെകുറിച്ച് നോക്കാം.

ഏത് ശൈലിയിലുള്ള വീടുകള്‍ക്കും പര്‍ഗോളകള്‍ ഇണങ്ങും എന്നതാണ്‌ ഒരു പ്രത്യേകത. സാധാരണയായി കോണ്‍ക്രീറ്റില്‍ പണിത പര്‍ഗോളകളാണ്‌ വീടുകളില്‍ ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ മെറ്റീരിയല്‍സിന്റെ ലഭ്യതക്കനുസരിച്ച് തടിയിലും സ്റ്റീലിലും പര്‍ഗോളകള്‍ നിര്‍മ്മിക്കാറുണ്ട്. വലിയ ബീമുകള്‍ ആണ് പെര്‍ഗോളയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. സാധാരണയായി റൂഫുകളിലാണ്‌ പര്‍ഗോളകള്‍ തീര്‍ക്കാറുള്ളത്. എന്നാല്‍ ഇന്ന് മുറികളിലെ ഭിത്തികളിലും മറ്റും പര്‍ഗോളകള്‍ തീര്‍ക്കാറുണ്ട്. മുറികളിലേയ്ക്ക് നേരിട്ട് സൂര്യപ്രകാശം വീഴാതെ സ്വാഭാവിക പ്രകാശം മുറികളില്‍ എത്തിക്കാന്‍ ഇതുമൂലം കഴിയും.

സ്വാഭാവിക പ്രകാശം വീടിന്റെ ഉള്ളിലേയ്ക്ക് എത്തിക്കാന്‍ വീടിന്റെ ഏതൊരുഭാഗത്തും പര്‍ഗോളകള്‍ പണിയാം. ഫ്രണ്ട് എലിവേഷനോട് ചേര്‍ന്നാണ് പര്‍ഗോളയുടെ സ്ഥാനമെങ്കില്‍ അത് വീടിന് കുലീനത നല്‍കും. മോഡേണ്‍ വീടുകളില്‍ ഒരു ഡിസൈന്‍ എലമെന്റായാണ് പര്‍ഗോളയെ കണക്കാക്കുന്നത്. ചിലര്‍ വീടുകളില്‍ ചേര്‍ന്നല്ലാതെ പൂന്തോട്ടങ്ങളിലും പര്‍ഗോളകല്‍ നിര്‍മ്മിക്കാറുണ്ട്.